നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യക്ക് ആയുധമായി പാർലമെന്‍ററി സമിതിയിലെ ട്രൂഡോയുടെ വിശദീകരണം! 'ശരിയെന്ന് തെളിഞ്ഞത് ഇന്ത്യയുടെ വാദങ്ങൾ"
കാനഡയുടെ ആരോപണത്തിനു ശേഷം നിരന്തരം തെളിവു ചോദിച്ചെങ്കിലും ഇത് നല്കാൻ ട്രൂഡോ തയ്യാറായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി.
ദില്ലി: ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ പാർലമെന്‍ററി സമിതിക്കു മുന്നിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നൽകിയ വിശദീകരണം ആയുധമാക്കി ഇന്ത്യ. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന് ആരോപിച്ചത് തെളിവില്ലാതെയാണെന്ന് ട്രൂഡോ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ വിവരം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിരുന്നതെന്നും ട്രൂഡോ സമ്മതിച്ചിരുന്നു. ട്രൂഡോയുടെ ഈ വിശദീകരണം ഇന്ത്യക്ക് വലിയ പിടിവള്ളിയാണ്.
കാനഡയുടെ ആരോപണത്തിനു ശേഷം നിരന്തരം തെളിവു ചോദിച്ചെങ്കിലും ഇത് നല്കാൻ ട്രൂഡോ തയ്യാറായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. തെളിവില്ലാതെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ ആരോപണം ഉന്നയിക്കുന്നതെന്ന ഇന്ത്യയുടെ വാദം ഇപ്പോൾ ലോകത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു. ഇന്ത്യ - കാനഡ ബന്ധം വഷളായതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയ്ക്കാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അതേസമയം ഇന്ത്യ തിരികെ വിളിച്ച ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ നാളെ മടങ്ങും.